പാറ്റ്ന: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആർജെഡി നേതാവ് പ്രതിമ കുശ്വാഹ ബിജെപിയിൽ ചേർന്നു. ആർജഡിയുടെ വനിതാ സംഘടനയുടെ മുൻ സംസ്ഥാന അധ്യക്ഷ ആയിരുന്നു പ്രതിമ. ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാളിന്റെ സാന്നിധ്യത്തിലാണ് പ്രതിമ പാർട്ടിയിൽ ചേർന്നത്.
"ആർജെഡി നേതൃത്വം പ്രാദേശിക നേതാക്കളെ അവഗണിക്കുകയാണ്. പാർട്ടിയിൽ കുടുംബാധിപത്യം മാത്രമാണുള്ളത്. താനും കടുത്ത അവഗണനയാണ് നേരിട്ടത്. സംസ്ഥാനത്തിന്റെ വികസനത്തിന് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് നല്ലത്. അതിനാലാണ് ബിജെപിയിൽ ചേരുന്നത്.'-പ്രതിമ പറഞ്ഞു.
യുവാക്കൾക്ക് ജോലി നൽകുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനത്തെ വിശ്വസിക്കേണ്ട കാര്യമില്ലെന്നും പ്രതിമ പറഞ്ഞു. മുൻപ് യുവാക്കളുടെ ഭൂമി തട്ടിയെടുത്തതിന് ശേഷം ചിലർക്ക് മാത്രമാണ് ജോലി നൽകിയത്. വിശ്വസിക്കാൻ കഴിയാത്ത നേതൃത്വമാണ് ആർജെഡിക്കുള്ളതെന്നും പ്രതിമ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.